ദേശീയപാത വികസനം: സുരക്ഷയില്ല; ചിറങ്ങരയിൽ കാർ കുഴിയിലേക്ക്
1546910
Wednesday, April 30, 2025 6:59 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്ന ചിറങ്ങരയിൽ കാർ നിയന്ത്രണംവിട്ട് കുഴിയിലേക്കുമറിഞ്ഞു.
സുരക്ഷാ മുന്നൊരുക്കമില്ല എന്ന പ്രദേശവാസികളുടെ ആവർത്തിച്ചുള്ള പരാതികൾ ശരിവയ്ക്കുന്നതായിരുന്നു തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ചിറങ്ങര ജംഗ്ഷനിൽ സംഭവിച്ചത്. ഒരു സ്പാനിലുള്ള അടിപ്പാതയുടെ ഇരുഭാഗവും മണ്ണിട്ട് നികത്തുന്നതിനു മുന്നോടിയായി പ്രികാസ്റ്റ് കോൺക്രീറ്റ് റീടെയ്ൻ വാൾ നിർമിക്കുന്നതിനായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്. ചാലക്കുടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. സംരക്ഷണഭിത്തി നിർമിക്കുന്നതിനായി എടുത്ത കുഴിക്കും വാഹനങ്ങൾ കടന്നുപോകുന്ന സമാന്തര റോഡിനും ഇടയിൽ സുരക്ഷാ റിബൺ മാത്രമാണ് അപകടസൂചന നൽകുന്നത്.
പ്രദേശത്തെ വെളിച്ചക്കുറവും അപകടത്തിനു വഴിവയ്ക്കുമെന്ന് പലവട്ടം എൻഎച്ച്എഐ, നിർമാണകമ്പനി, കളക്ടർ അടക്കമുള്ളവരെ അറിയിച്ചിട്ടും സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാർ താഴ്ചയിലേക്ക് പതിച്ചെങ്കിലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നതുമാത്രമാണ് ഒരു ആശ്വാസം.