അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല: എഐവൈഎഫ്
1546912
Wednesday, April 30, 2025 6:59 AM IST
ചാലക്കുടി: വിനോദസഞ്ചാരസാധ്യതകളുടെ മറവിൽ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് എഐവൈഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി. ലോകനിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തീവ്രമായ പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും ഉപജീവനമാര്ഗത്തിനുമെതിരേ കനത്ത വെല്ലുവിളി ഉയർത്തുന്നതുമായ പദ്ധതിക്ക് കെഎസ്ഇബി നീക്കംനടത്തുന്നത്.
പാരമ്പര്യേതര ഊര്ജപദ്ധതികളില്നിന്നുവേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നിരിക്കെ, വനമേഖലയെ പാടെതകര്ക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.സി. സജിത്ത്, സെക്രട്ടറി എം.ഡി. പ്രവീൺ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
പദ്ധതി നടത്തിപ്പിലൂടെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് കെഎസ്ഇബി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പകുതിപോലും ഉത്പാദിപ്പിക്കാനുള്ള വെള്ളം ചാലക്കുടിപ്പുഴയില്‍ നിലവില്‍ ഇല്ലെന്നതാണ് വസ്തുത.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഒരുശതമാനംപോലും നിറവേറ്റാന്‍ നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതിക്കാവില്ലെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈദ്യുതപദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന റിപ്പോര്‍ട്ട് മുൻപ് പുറത്തുവന്നിരുന്നു. വനപ്രദേശത്ത് പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി എടുക്കേണ്ട പ്രാഥമികകാര്യങ്ങള്‍പോലും അതിരപ്പിള്ളിപദ്ധതിയുടെ കാര്യത്തിലുണ്ടായിട്ടുമില്ല.
ഇടതുമുന്നണിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായതിനാൽ മുൻപ് ഉപേക്ഷിച്ച പദ്ധതി നടപ്പാക്കാനുളള നീക്കം അനുവദിക്കാനാവില്ലെന്നും എന്തുവില കൊടുത്തും ചെറുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.