അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല: എഐവൈഎഫ്
1546917
Wednesday, April 30, 2025 7:12 AM IST
തൃശൂര്‍: വിനോദസഞ്ചാരവികസനത്തിന്റെ പേരില്‍ അതിരപ്പിള്ളിയില്‍ ജലവൈദ്യുതപദ്ധതി നടപ്പാക്കാനുള്ള കെഎസ്ഇബിയുടെ രഹസ്യ അജൻഡ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് എഐവൈഎഫ്.
പദ്ധതിക്കു മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ സി എര്‍ത്ത് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഏഷ്യയിലെതന്നെ നാമവശേഷമായിക്കൊണ്ടിരിക്കുന്ന ആദിമജനവിഭാഗമായ കാടര്‍ അവശേഷിക്കുന്നത് അതിരപ്പിള്ളിയിലെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതിപ്രദേശത്താണ്.
പശ്ചിമഘട്ടമലനിരകളിലെ അവശേഷിക്കുന്ന അപൂര്വജൈവജാതികളുടെയും പക്ഷിമൃഗാദികളുടെയും ആവാസവ്യവസ്ഥയും ഇവിടെയാണ്. ഇതെല്ലാം തകര്‍ത്തും കനത്ത പാരിസ്ഥിതിക ആഘാതത്തിന് ഇടയാക്കിയും നടപ്പാക്കുന്ന പദ്ധതി ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും വനസമ്പത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ എന്തുവിലകൊടുത്തും തടയുമെന്നും ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സെക്രട്ടറി പ്രസാദ് പറേരി എന്നിവര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.