കുന്നംകുളത്തു ബസ് മറിഞ്ഞ് 15 പേർക്കു പരിക്ക്
1547102
Thursday, May 1, 2025 1:12 AM IST
കുന്നംകുളം: തുറക്കുളം മാർക്കറ്റിനടുത്തു സ്വകാര്യ ബസ് തോട്ടിലേക്കു മറിഞ്ഞ് 15 പേർക്കു പരിക്കേറ്റു. പാലക്കാടുനിന്നും ഗുരുവായൂരിലേക്കുവന്നിരുന്ന മയിൽവാഹനം സ്വകാര്യബസാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് വലതുഭാഗത്തെ തോട്ടിലേക്കുമറിയുകയായിരുന്നു.
ബസ് തോടിന്റെ വലിയ ഭിത്തിയിൽ തട്ടിനിന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും തുടർന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് അമിതവേഗത്തിലായിരുന്നു എന്നു പറയുന്നു.
പരിക്കേറ്റവരെ കുന്നംകുളം സർക്കാർ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ഏതാനും മാസംമുൻപ് മറ്റൊരു സ്വകാര്യബസും ഈ പാടത്തേക്കുതന്നെ മറിഞ്ഞിരുന്നു.