പുന്ന ഉത്സവത്തിൽ ആന ഇടഞ്ഞു; രണ്ടുപേർക്കു പരിക്ക്
1547094
Thursday, May 1, 2025 1:12 AM IST
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം ഉത്സവത്തിലേക്ക് എഴുന്നളളിപ്പിന് കൊണ്ടുവന്ന മൂന്ന് ആനകളിൽ ഒന്ന് ഇടഞ്ഞു; രണ്ടുപേർക്കു പരിക്കേറ്റു.
മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവര്‍ പോക്കാക്കില്ലത്ത് നിസാം (40), രണ്ടാം പാപ്പാന് കാരമുക്ക് മാമ്പുള്ളി ബിജു(42) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് മരുതയൂർകുളങ്ങര മഹാദേവൻ എന്ന കൊമ്പൻ ഇടഞ്ഞത്.
നിസാമിനെ തുമ്പിക്കൈയില്‍ കോരിയെടുത്ത് സമീപത്തെ അയിനിപ്പുള്ളി ചുള്ളിപ്പറമ്പില്‍ ജനാര്‍ദനന്റെ വീട്ടുപറമ്പിലേക്ക് കയറിയ ആന നിസാമിനെ നിലത്തിട്ട് വലിച്ചിഴച്ചു. ഇതിനുശേഷം പാപ്പാനെ ആന കുടഞ്ഞിട്ടു. ഇതിനിടെ ആനയെ മെരുക്കാനുള്ള ശ്രമം മറ്റു പാപ്പാന്മാര് നടത്തുന്നുണ്ടായിരുന്നു. ആനപ്പുറത്തുണ്ടായിരുന്നവര്‍ ചാടിരക്ഷപ്പെട്ടു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിനും ഓട്ടോറിക്ഷക്കും കേടുപറ്റിയിട്ടുണ്ട്.
മറ്റ് രണ്ട് ആനകളോടൊപ്പം പുന്ന സെന്ററില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ആനയിടഞ്ഞത്. ആനയെ പിന്നീട് തളച്ചു. പോലീസ് എത്തി.