കാറ്റ്, മഴ: ചിറ്റണ്ടയിലും വരവൂരിലും വ്യാപകനാശം
1546898
Wednesday, April 30, 2025 6:59 AM IST
എരുമപ്പെട്ടി: തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റണ്ട പൂങ്ങോട് പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ റോഡിലേക്ക് പൊട്ടി വീണും വീടിനു മുകളിലേക്ക് കടപുഴകി വീണുമാണ് നാശം സംഭ വിച്ചിരിക്കുന്നത്.
ചിറ്റണ്ട തലശേരി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്കുമരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചിറ്റണ്ട വടക്കേക്കര പ്രകാശന്റെ വീടിനുമുകളിലേക്ക് മാവിന്റെ കൊമ്പ് പൊട്ടിവീണ് വീടിന്റെ ഒരു വശവും ശൗചാലയവും തകർന്നു. ചിറ്റണ്ട പാക്കത്ത് സിന്ധുവിന്റെ പറമ്പിലെ മരം കടപുഴകി വീണു.
വരവൂരിൽ 400 നേന്ത്രവാഴകൾ ഒടിഞ്ഞുവീണു
എരുമപ്പെട്ടി: ശക്തമായ കാറ്റിലും മഴയിലും വരവൂരിൽ വൻ കൃഷിനാശം. വരവൂർ നീർക്കോലി മുക്കിലെ വാഴത്തോട്ടത്തിലെ 400 നേന്ത്രവാഴകൾ ഒടിഞ്ഞുവീണു. വരവൂർ ആവശേരി വീട്ടിൽ വിജയകുമാറിന്റെ വാഴത്തോട്ടത്തിലാണു വ്യാപക നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും 400 ചെങ്ങാലിക്കോടൻ നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്.
വരുന്ന ഓണത്തിന് വിളവെടുക്കാനുള്ള വാഴകളാണു നശിച്ചത്. പ്രവാസിയായിരുന്ന വിജയകുമാർ 15 വർഷം മുമ്പാണു നാട്ടിൽ സ്ഥിരതാമസമാക്കിയത്. ഇതിനുശേഷം പ്രധാന വരുമാനമാർഗം വാഴകൃഷിയാണ്. ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനാൽ മികച്ച വിളവാണ് ലഭിക്കാറുള്ളത്. 1500 രൂപ വിലയ്ക്കാണ് ഓണക്കുലകൾ വിൽക്കാറുള്ളതെന്നും ഏകദേശം മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും വിജയകുമാർ പറയുന്നു.
സ്ഥലം പാട്ടത്തിനെടുത്തും ചെലവിനുവരുന്ന തുക വായ്പയെടുത്തുമാണ് വിജയകുമാർ കൃഷി ചെയ്യുന്നത്. കൃഷിഭവനുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാബു അറിയിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ജിഷ, വി.കെ. സേതുമാധവൻ, കൃഷി അസിസ്റ്റന്റുമാരായ പി. രജനി, കെ.എച്ച്. ഹരിപ്രിയ എന്നിവർ തോട്ടത്തിൽ സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കി.