മൊബൈൽ വെറ്ററിനറി യൂണിറ്റുകള്‍ക്ക് അനുമതി
1546906
Wednesday, April 30, 2025 6:59 AM IST
ചാലക്കുടി: വെറ്ററിനറി ആശുപത്രിക്കുകീഴിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭ്യമായതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് ആശ്വാസമായി വീട്ടുപടിക്കൽ മൃഗചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുപരിധിയിലാണ് യൂണിറ്റിന്റെ സേവനങ്ങൾ ലഭ്യമാവുക. നിശ്ചിതനിരക്കിൽ കന്നുകാലികൾക്കുള്ള ചികിത്സ, അരുമമൃഗങ്ങൾക്കുള്ള ചികിത്സ, കന്നുകാലികളിലെ കൃത്രിമ ബീജദാനം, പ്രസവസംബന്ധമായ സേവനം തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ. വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ എന്നിവരെ ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി നിയമിക്കുമെന്നു എംഎൽഎ അറിയിച്ചു.
വൈകീട്ട് ആറുമുതൽ രാവിലെ അഞ്ചുവരെയുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനങ്ങൾക്കായി 1962 എന്ന ടോൾഫ്രീ നമ്പർ മുഖേനയാണ് കർഷകർ ബന്ധപ്പെടേണ്ടതെന്നും എംഎൽഎ അറിയിച്ചു. കേന്ദ്രീകൃത നിരീക്ഷണസംവിധാനം ഉപയോഗിച്ച് പദ്ധതി അവലോകനംചെയ്യും.
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ മൃഗപരിപാലന രംഗത്തിന് കുതിപ്പേകി പുതിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്. ഇരിങ്ങാലക്കുട വെറ്ററിനറി പോളി ക്ലിനിക്കില്‍ പുതിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി ആര്. ബിന്ദു പറഞ്ഞു.
സംസ്ഥാനത്താകെ അനുവദിച്ച 47 പുതിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ ഒന്നാണ് ഇരിങ്ങാലക്കുട ബ്ലോക്കില്‍ ഉള്‍പ്പെട്ട വെറ്റിനറി പോളിക്ലിനിക്കിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു. തന്റെ ഉരുവിന് ചികിത്സവേണ്ട അടിയന്തരസാഹചര്യം വന്നാല്‍ കര്ഷകന് 1962 എന്ന നമ്പറില്‍ ബന്ധപ്പെടാം. മൃഗചികിത്സയ്ക്ക് വാഹനവും ഡോക്ടറും കര്‍ഷകന്റെ വീട്ടുപടിയ്ക്കല്‍ ലഭ്യമാവും. ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക വികസനപദ്ധതിയായ പച്ചക്കുടയ്ക്ക് വലിയ പ്രോത്സാഹനമാകും മൊബൈല്‍ യൂണിറ്റ്.