കാട്ടൂരിൽ പ്രവർത്തനം നിർത്താൻ നിർദേശിച്ച കന്പനികൾ തുറന്നുതന്നെ
1601413
Tuesday, October 21, 2025 1:05 AM IST
ഇരിങ്ങാലക്കുട: കാട്ടൂരിലെ കിണർവെള്ളം മലിനമാകാൻ പ്രധാന കാരണക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ടു വ്യവസായ യൂണിറ്റുകൾ പൂട്ടണമെന്ന് മന്ത്രി ആര്. ബിന്ദു നിർദേശിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടർന്ന് കന്പനികൾ.
രണ്ടുവർഷംമുന്പുവരെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഈ കന്പനികൾക്ക് അനധികൃതമായി പ്രവർത്തിക്കാൻ സർക്കാർ മൗനാനുവാദം നൽകുകയായിരുന്നുവെന്ന് ആരോപിച്ച് ജനകീയമുന്നണി മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി. പ്രദേശത്തെ കുടിവെള്ളത്തിൽ രാസമാലിന്യമുള്ളതായി സ്ഥിരീകരിച്ചിട്ടും അധികൃതർ പ്രശ്നപരിഹാരത്തിനു തയാറാകാത്ത സാഹചര്യത്തിലാണ് കമ്മീഷനെ സമീപിക്കുന്നതെന്നു പരാതിയിൽ പറയുന്നു.
പ്രദേശത്തെ ജലം കുടിക്കാൻ യോഗ്യമല്ല എന്നതിനാൽ അടിയന്തരമായി വീടുകളിൽ ശുദ്ധജലം എത്തിക്കാൻ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
23നു കാട്ടൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധധർണ നടത്തും. വിവിധ രാഷ്ട്രീയകക്ഷികളെയും സാമുദായികസംഘടനകളെയും പ്രതിനിധീകരിച്ചു നേതാക്കൾ പ്രസംഗിക്കും. രാവിലെ 10നു മിനി എസ്റ്റേറ്റ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും.