എൽഇഡി ദീപാവലിച്ചന്തയ്ക്കു മതിലകത്തു തുടക്കമായി
1601423
Tuesday, October 21, 2025 1:05 AM IST
ച്മതിലകം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പാപ്സ്കോ എൽഇഡി ദീപാവലിച്ചന്തയ്ക്ക് മതിലകത്തു തുടക്കമായി. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. പാപ്സ്കോ എനർജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ.എ. മുരുകേശൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, സെക്രട്ടറി ടി.സി. സിനി, ഭരണസമിതി അംഗങ്ങളായ ടി.ബി. സുനിൽകുമാർ, എം. കെ. മുജീബ് റഹ്മാൻ, ഹരിദാസ്, എൻ.കെ. സുരേഷ്, ജിഷ വിനോദ്, മൈക്കിൾ മാർട്ടിൻ, ബിജിത സൈലേഷ്, സി.വി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
മതിലകം പള്ളിവളവിലുള്ള പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് കെട്ടിടത്തിൽ ദീപാവലിയോടനുബന്ധിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന എൽഇഡി ചന്തയിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയുള്ള സാമഗ്രികൾ ബാങ്കിന്റെ വനിതാ വ്യവസായ യൂണിറ്റിൽ സംയോജിപ്പിച്ച് ഗുണമേന്മയുള്ള എൽഇഡി ലൈറ്റുകൾ ആക്കുകയും സംസ്ഥാന വ്യാപകമായും മറ്റു സംസ്ഥാനങ്ങളിലും വില്പന നടത്തിവരികയും ചെയ്യുന്നു.
സാമ്പ്രദായിക എൽഇഡി വിളക്കുകൾക്കുപുറമേ വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ ആഡംബര എൽഇഡി ഉത്പ്പന്നങ്ങളും സോളാർ വാട്ടർ ഹീറ്റർ, സോളാർ ഫാനുകൾ എന്നീ ഉത്പ്പന്നങ്ങൾ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്.
എൽഇഡി ചന്തയോട് അനുബന്ധിച്ച് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്പെഷൽ ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.