ട്രാംവേ- റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം ആരംഭിച്ചു
1601420
Tuesday, October 21, 2025 1:05 AM IST
ചാലക്കുടി: പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നഗരസഭ വിഭാവനം ചെയ്ത ട്രാംവേ - റെയിൽവേ സ്റ്റേഷൻ ബൈപ്പാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആനമല ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്ഷൻ വരെ പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനുള്ള ശാശ്വത പദ്ധതിയായിട്ടാണ് ഈ ബൈപ്പാസ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നഗരസഭ ആരംഭിച്ചത്.
ട്രാംവേ റോഡിൽ നിന്നും ഇൻഡോർ സ്റ്റേഡിയത്തിന്റെ സമീപത്തുകൂടെ റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിച്ചേരുംവിധമാണ് ബൈപ്പാസ് റോഡ് നിർമിക്കുന്നത്. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് ആവശ്യമായ 70 സെന്റ് ഭൂമി, ഊക്കൻ മാർട്ടിൻ, വക്കച്ചൻ എന്നിവരുടെ കുടുംബമാണ് നഗരസഭയ്ക്ക് സൗജന്യമായി വിട്ടുനൽകിയത്. നിലമായി കിടന്നിരുന്ന ഈ ഭൂമി സർക്കാരിൽനിന്നും തരംമാറ്റി കിട്ടുന്നതിന് ഒന്നരവർഷത്തോളം സമയമെടുത്തു.
ഡിപ്പാർട്ടുമെന്റ് തലത്തിലും സർക്കാരിലും നിരന്തരമായി ഇടപെട്ടശേഷമാണ്, മാസങ്ങൾക്കുമുമ്പ് ഭൂമി തരംമാറ്റി അനുമതി ലഭിച്ചത്. തുടർന്ന് ആദ്യഘട്ടം നിർമാണത്തിന് 40 ലക്ഷം രൂപ നഗരസഭ വകയിരുത്തി, പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി. മണ്ണ് ഫില്ല് ചെയ്യുന്നതിനും കൾവർട്ടുകൾ നിർമിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ എസ്റ്റിമേറ്റിൽ ഉൾപ്പെ ടുത്തിയിട്ടുള്ളത്.
തുടർ നിർമാണപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന് എംഎൽഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആനമല ജംഗ്ഷൻ മുതൽ ട്രങ്ക് റോഡ് ജംഗ്ഷൻവരെയുള്ള പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം, മാള - പടിഞ്ഞാറെ ചാലക്കുടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ അടിപ്പാതകടന്ന് സർവീസ് റോഡിലൂടെയാണു സർവീസ് നടത്തുന്നത്. പുതിയ റോഡ് പൂർത്തിയാകുന്നതോടെ സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള മുഴുവൻ വാഹനങ്ങൾക്കും ഈ റോഡിലൂടെ നോർത്ത് ജംഗ്ഷനിലെത്തി സുഗമമായി പോകാ നാവും.
നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ, വികസനകാര്യകമ്മിറ്റി ചെയർമാൻ കെ.വി. പോൾ, പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ്. ചിറയത്ത്, മുൻ ചെയർപേഴ്സൺ എബി ജോർജ്, വാർഡ് കൗൺസിലർമാരായ നീത പോൾ, ജോർജ് തോമാസ്, നഗരസഭയ്ക്ക് സ്ഥലം സൗജന്യമായി നൽകിയ മാർട്ടിൻ ഊക്കൻ എന്നിവർ സ്ഥലത്തെത്തി.