ന്യൂനമർദം: തമിഴ്നാട്ടിൽ കൊടുങ്കാറ്റിനും കനത്തമഴയ്ക്കും സാധ്യത
Thursday, December 8, 2022 12:29 AM IST
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടതിനാൽ തമിഴ്നാട്ടിൽ ചുഴലിക്കൊടുങ്കാറ്റിനും കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമർദം ബുധാനാഴ്ച അതിതീവ്ര ന്യൂനമർദമായി മാറുകയായിരുന്നു. കാരയ്ക്കലിൽനിന്ന് തെക്കുപടിഞ്ഞാറ് 690 കിലോമീറ്ററും ചെന്നൈയിൽനിന്ന് തെക്കുപടിഞ്ഞാറ് 770 കിലോമീറ്ററും മാറി ബംഗാൾ ഉൾക്കടലിലാണു ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്.
ന്യൂനമർദ ഫലമായുണ്ടായ കൊടുങ്കാറ്റ് വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാട്- പുതുച്ചേരി, ആന്ധ്രാ തീരം തൊടുമെന്നും മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ തമിഴ്നാട്, പുതിച്ചേരി, ദക്ഷിണ ആന്ധ്ര, റായലസീമ മേഖലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴയ്ക്കു സാധ്യതയുണ്ട്.