പ്രജ്വലിനോട് ദേവഗൗഡയുടെ അഭ്യർഥന; തിരികെയെത്തി അന്വേഷണം നേരിടണം
Friday, May 24, 2024 6:32 AM IST
ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായി രാജ്യത്തുനിന്ന് മുങ്ങിയ തന്റെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയോട് എത്രയും വേഗം മടങ്ങിയെത്തി പോലീസിനു മുന്പാകെ കീഴടങ്ങാനും നിയമനടപടി നേരിടാനും ജനതാദൾ-എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അഭ്യർഥന.
തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും പാർട്ടിയുടെ ലെറ്റർപ്പാഡിൽ എഴുതി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കത്തിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥികൂടിയായ പ്രജ്വലിന് ഗൗഡ മുന്നറിയിപ്പ് നൽകുന്നു. കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ പ്രജ്വലിന് ഉചിതമായ ശിക്ഷ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗൗഡ വ്യക്തമാക്കി.
പ്രജ്വലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചോ വിദേശയാത്രയെക്കുറിച്ചോ തനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യം ആളുകളെ ബോധ്യപ്പെടുത്താനും സാധിച്ചില്ല. പ്രജ്വലിനെ സംരക്ഷിക്കാൻ താത്പര്യമില്ല. തന്റെ മനഃസാക്ഷിക്ക് ഉത്തരം നൽകാനാകുമെന്നാണ് വിശ്വാസം. താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും സർവശക്തന് കാര്യങ്ങൾ അറിയാമെന്നും ദേവഗൗഡ വ്യക്തമാക്കി.
വിഷയത്തിൽ തന്റെ മകനും പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയും നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ദേവഗൗഡ പറഞ്ഞു.
‘പ്രജ്വൽ രേവണ്ണയ്ക്കുള്ള എന്റെ മുന്നറിയിപ്പ്’ എന്ന തലക്കെട്ടോടെയാണ് കത്ത് തുടങ്ങുന്നത്. പീഡനദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പുറത്തായതോടെ കഴിഞ്ഞ മാസം 27ന് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടക്കുകയായിരുന്നു.
നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് കേന്ദ്രത്തോട് സിദ്ധരാമയ്യ
അതേസമയം, പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മുന്പും ഇതേ ആവശ്യമുന്നയിച്ച് സിദ്ധരാമയ്യ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്ന നടപടിക്രമങ്ങളിലേക്ക് വിദേശകാര്യമന്ത്രാലയം കടന്നിട്ടുണ്ടെന്നാണു സൂചന.