മണിപ്പുരിൽ അക്രമത്തിനു ശമനമില്ല; സൈനികൻ കൊല്ലപ്പെട്ടു
ജോർജ് കള്ളിവയലിൽ
Monday, July 15, 2024 2:58 AM IST
ന്യൂഡൽഹി: കലാപം തുടങ്ങി 14 മാസങ്ങൾ കഴിഞ്ഞിട്ടും അക്രമങ്ങളൊഴിയാതെ മണിപ്പുർ. മണിപ്പുരിലെ ജിരിബാം ജില്ലയിൽ പട്രോളിംഗിനിടെയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. രണ്ടു പോലീസ് കമാൻഡോകൾക്ക് പരിക്കേറ്റു.
തലയ്ക്കു വെടിയേറ്റ സിആർപിഎഫ് ജവാനും ബിഹാർ സ്വദേശിയുമായ അജയ് കുമാർ ഝാ (43)യാണു കൊല്ലപ്പെട്ടത്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്ന് 220 കിലോമീറ്റർ അകലെയുള്ള ജിരിബാമിലെ മോംഗ്ബംഗ് ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. സിആർപിഎഫ് ജവാന്മാരും പോലീസും സംയുക്തമായി പ്രദേശത്ത് പട്രോളിംഗിനെത്തിയപ്പോഴാണു തീവ്രവാദികൾ കാട്ടിൽ പതിയിരുന്ന് പോലീസ് വാഹനത്തിനുനേരെ വെടിയുതിർത്തത്.
വെടിവയ്പിൽ പരിക്കേറ്റ രണ്ടു പോലീസ് കമാൻഡോകളും അപകടനില തരണം ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന അക്രമിസംഘം പട്രോളിംഗിനെത്തിയ എസ്യുവി വാഹനത്തിനു നേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനത്തിനുള്ളിലിരുന്ന സിആർപിഎഫ് ഭടനാണ് വെടിയേറ്റു മരിച്ചത്.
പട്രോളിംഗ് സംഘം തിരികെ വെടിവച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ബുള്ളറ്റുകളേറ്റ് പോലീസ് വാഹനത്തിൽ നിറയെ ദ്വാരങ്ങളുണ്ട്. കനത്ത വെടിവയ്പിൽ എസ്യുവിയുടെ പിൻഭാഗത്തെ ചില്ലും തകർന്നു. ശനിയാഴ്ച രാത്രിയിൽ മോംഗ്ബംഗ് ഗ്രാമത്തിലെ മറ്റൊരിടത്തും വെടിവയ്പുണ്ടായെന്ന് ഗ്രാമവാസികൾ പറഞ്ഞു.
കുക്കി തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആരോപിച്ചു.
250ലേറെ പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേർ ഭവനരഹിതരാകുകയും ചെയ്ത കലാപം 15-ാം മാസത്തിലേക്കു കടന്നിട്ടും കലാപകാരികളെ നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തത് ഗുരുതര ഭവിഷ്യത്താണു സൃഷ്ടിക്കുന്നതെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.
ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന മണിപ്പുർ സന്ദർശിക്കാനും ദുരിബാധിതരെ ആശ്വസിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തതുതന്നെ സർക്കാരിന്റെ വീഴ്ചയുടെ പ്രതിഫലനമാണെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
ജിരിബാമിലെ കുക്കി വിഭാഗക്കാരായ ഹമർ ഗോത്രവർഗക്കാർക്കു നേരേ മെയ്തെയ്കൾ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഏതാനും ആഴ്ചകളായി മേഖലയിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. മണിപ്പുർ സർക്കാരിന്റെയും പോലീസിന്റെയും പിന്തുണയോടെ കുക്കി ഗ്രാമങ്ങളിൽ മാത്രം നടത്തുന്ന പരിശോധനയ്ക്കെതിരേയും പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ വർഷം മേയ് മൂന്നിന് മെയ്തെയ്കളും കുക്കികളും തമ്മിൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഒരു വർഷത്തിലേറെയായി ജിരിബാമിൽ അക്രമം ഉണ്ടായിരുന്നില്ല.
എന്നാൽ മെയ്തെയ്കളും സംസ്ഥാന പോലീസും ചേർന്ന് കഴിഞ്ഞ മാസം ജിരിബാമിൽ ആക്രമണം തുടങ്ങിയെന്നാണ് കുക്കികൾ പറയുന്നത്. ജിരിബാമിലൂടെ കടന്നുപോകുന്ന ആസാമിലെ കച്ചാറുമായി ഇംഫാലിനെ ബന്ധിപ്പിക്കുന്ന മണിപ്പുരിലെ ദേശീയപാത 37ൽ മെയ്തെയ്കൾ വാഹനപരിശോധനയെന്ന പേരിൽ കുക്കികളുടെ ചരക്കുനീക്കം തടസപ്പെടുത്തിയതാണ് പുതിയ പ്രകോപനത്തിനു കാരണമായതെന്നാണ് സൂചന.