ജമ്മു കാഷ്മീരിലെ നിയമനിർമാണം : സ്ഥിതി അപകടകരമെന്നു ചൈന, ഉഭയകക്ഷി വിഷയമെന്നു റഷ്യ
Friday, August 16, 2019 11:42 PM IST
യുണൈറ്റഡ് നേഷൻസ്: കാഷ്മീരിലെ സ്ഥിതി അപകരമെന്നു യുഎൻ രക്ഷാ സമിതിയിൽ ചൈന. അതേസമയം, കാഷ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നു റഷ്യ വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയിൽ ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങൾ ഇന്ത്യയെ പിന്തുണച്ചതായാണു സൂചന.
കാഷ്മീർ വിഷയത്തിൽ നടന്ന രഹസ്യചർച്ചയിലാണ് ചൈനയും റഷ്യയും നിലപാട് അറിയിച്ചത്. ചൈനയുടെ ആവശ്യപ്രകാരമായിരുന്നു രഹസ്യ ചർച്ചനടന്നത്. അഞ്ചു സ്ഥിരാംഗങ്ങളും പത്ത് അംഗരാഷ്ട്രങ്ങളുമാണ് ഇന്നലെ രാത്രി ഇന്ത്യൻ സമയം 7.30ന് ആരംഭിച്ച യോഗത്തിൽ പങ്കെടുത്തത്. തങ്ങളുടെ പ്രതിനിധിയെ രക്ഷാസമിതിയിൽ ചർച്ചയ്ക്ക് അനുവദിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദ്ദീൻ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി തർക്കമാണു കാഷ്മീർ എന്ന് യുഎൻ രക്ഷാസമിതിയിലെ റഷ്യയുടെ പ്രതിനിധി ദിമിത്രി പോളിയാൻസ്കി യോഗഹാളിലേക്കു കയറും മുന്പേ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ കാഷ്മീർ വിഷയത്തിൽ പരിഹാരം കാണണമെന്ന നിലപാടാണ് റഷ്യക്കുള്ളത്.കാഷ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ രക്ഷാസമിതിയിൽ തുറന്ന ചർച്ച വേണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. എന്നാൽ, ചൈന ഒഴികെയുള്ള നാലു സ്ഥിരാംഗങ്ങളും ഇന്ത്യയുടെ നടപടിയെ അംഗീകരിച്ചു.
വിഷയത്തെ അന്താരാഷ്ട്രവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു രക്ഷാസമിതിയിൽ തുറന്ന ചർച്ച വേണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്.