കാഷ്മീർ അന്താരാഷ്ട്ര വിഷയമാക്കാനുള്ള പാക് നീക്കം പാളി
Sunday, August 18, 2019 12:27 AM IST
യുണൈറ്റഡ് നേഷൻസ്: കാഷ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കുന്നതിനുള്ള പാക്കിസ്ഥാൻ നീക്കത്തിനു തിരിച്ചടി. വിഷയം 15 അംഗ യുഎൻ രക്ഷാസമിതി ചർച്ച ചെയ്തെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചൈനയുടെ ആവശ്യപ്രകാരമാണ് യുഎൻ രക്ഷാസമിതിയിൽ ചർച്ച നടന്നത്. രഹസ്യചർച്ചയിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും പങ്കെടുപ്പിച്ചില്ല. ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നമാണ് കാഷ്മീരെന്നു രക്ഷാസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. രക്ഷാസമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ യുഎന്നിലെ ചൈനീസ് അംബാസഡർ ഷംഗ് ജുനും പാക് അംബാസഡർ മലേഹ ലോധിയും മടങ്ങി. ഈ മാസം രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പോളണ്ടുമായി ആലോചിച്ചശേഷം ചൈന പ്രതികരണം നടത്തിയേക്കുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.
വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യുഎന്നിനെ അറിയിച്ചിട്ടുണ്ടെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ സയീദ് അക്ബറുദീൻ പറഞ്ഞു.
കാഷ്മീർ വിഷയം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്നമാണെന്നാണ് യുഎന്നിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അക്ബറുദീൻ, പാക് മാധ്യമപ്രവർത്തകനു ഹസ്തദാനം നൽകിയത് കൗതുകമായി.
വീറ്റോ അധികാരമുള്ള ചൈനയുടെ ആവശ്യപ്രകാരമാണ് വെള്ളിയാഴ്ച രക്ഷാസമിതിയിൽ കാഷ്മീർ വിഷയത്തിൽ രഹസ്യ ചർച്ചനടന്നത്. തങ്ങളുടെ പ്രതിനിധിയെ രക്ഷാസമിതിയിൽ ചർച്ചയ്ക്ക് അനുവദിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.