ആമസോൺ കാടുകളെ ചുട്ടുചാന്പലാക്കി തീ പടരുന്നു; സമ്മർദത്തിനൊടുവിൽ സൈന്യം
Saturday, August 24, 2019 11:12 PM IST
പ്രോട്ടോവെൽഹോ: ഭൂമിയുടെ ശ്വാസകോശമെന്ന വിളിപ്പേരുള്ള ആമസോൺ മഴക്കാടുകളെ അതിവേഗം ചാന്പലാക്കുന്ന കാട്ടു തീ നേരിടാൻ ബ്രസീൽ ഒടുവിൽ സൈന്യത്തെ നിയോഗിച്ചു. കാട്ടുതീ തടയാൻ സത്വരനടപടി സ്വീകരിക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ ലോകനേതാക്കൾ ആവശ്യപ്പെട്ടതോടെയാണു സൈന്യത്തെ അയയ്ക്കാൻ പ്രസിഡന്റ് ജെയ്ർ ബോൾസനാരോ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഒപ്പിടുകയായിരുന്നു.
ഒരുമാസമായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കുന്ന സംവിധാനങ്ങൾക്കു പിന്തുണയേകി അതിർത്തിപ്രദേശങ്ങളിൽ ശനിയാഴ്ച തന്നെ സൈന്യത്തെ വിന്യസിച്ചുതുടങ്ങി. കാട്ടുതീ നിയന്ത്രിക്കാൻ സൈന്യം ശക്തമായി ഇടപെടുമെന്ന് ഉത്തരവിൽ ഒപ്പിട്ട പ്രസിഡന്റ് പ്രഖ്യാപിച്ചു.
പൊതുജനങ്ങളോടും സുരക്ഷാ ജീവനക്കാരോടും പരിസ്ഥിതി പ്രവർത്തകരോടും സഹകരിച്ചായിരിക്കും സൈന്യം പ്രവർത്തിക്കുക. കാട് സംരക്ഷിക്കുക സർക്കാരിന്റെ കടമയാണെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ റോൺഡോണിയയിൽ ആകാശംമുട്ടെ ഉയരത്തിൽ പുക നിറഞ്ഞിരിക്കുകയാണ്.
ഓറഞ്ച് നിറത്തിലുള്ള അഗ്നിനാളങ്ങൾ കിലോമീറ്ററുകൾ അകലെവരെ ദൃശ്യമാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം മാത്രം ആമസോൺ മഴക്കാടുകളിൽ 76,720 കാട്ടുതീയാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2013 നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കാട്ടുതീ നിയന്ത്രിക്കുന്നതിനു ശക്തമായ നടപടികളൊന്നും ഭരണകൂടം കൈക്കൊണ്ടിരുന്നില്ല. ഇതിനെതിരേ റിയോ ഡി ജനീറോയിലും സാവോ പോളയിലും വന്പൻ പ്രതിഷേധ റാലികൾ അരങ്ങേറിയിരുന്നു. പരിസ്ഥിതി പ്രവർത്തകർക്കു പുറമേ ലോകനേതാക്കളും വിമർശനവുമായി എത്തി. ഇതോടെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് ബോൾസനാരോ ഒപ്പിട്ടത്.
അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധിയാണ് ആമസോൺ മഴക്കാടുകളിലെ കാട്ടുതീയെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടിരുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം യൂറോപ്യൻ യൂണിയൻ നിർത്തിവയ്ക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
വിളകൾ നടുന്നതിനും കാലിമേയ്ക്കലിനുമായി വനം വ്യാപകമായി നശിപ്പിച്ചതാണു കാട്ടുതീയുടെ തോത് വർധിപ്പിച്ചതെന്നാണു പൊതുവേയുള്ള വിമർശനം.
കഴിഞ്ഞ ബുധനാഴ്ച മുതലുള്ള 24 മണിക്കൂറുകൾക്കുള്ളിൽ ആമസോണിലെ 700 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് (ഐഎൻപിഇ) നിരീക്ഷിക്കുന്നത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.