യുഎസ് - ചൈന കരാർ ജനുവരി ആദ്യവാരം
Saturday, December 14, 2019 11:00 PM IST
വാഷിംഗ്ടൺ/ബെയ്ജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുന്ന ഒന്നാംഘട്ടം കരാർ ജനുവരി ആദ്യവാരത്തിൽ ഒപ്പുവയ്ക്കും. അമേരിക്കൻ വാണിജ്യ പ്രതിനിധി റോബർട്ട് ലൈതൈസ്റും ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹേയുമാകും ഒപ്പുവയ്ക്കുക.
കരാർ വൻവിജയമാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും നിരീക്ഷകർ അതിനോടു യോജിക്കുന്നില്ല. അമേരിക്ക നേരത്തേ പ്രഖ്യാപിച്ച ചുങ്കം വർധന റദ്ദാക്കി. നേരത്തേ ഉണ്ടായിരുന്ന പല ഉയർന്ന ചുങ്കം നിരക്കുകളും കുറയ്ക്കാനും സമ്മതിച്ചു.
ചൈന പ്രഖ്യാപിച്ച ചുങ്കം വർധന പിൻവലിക്കുമെന്ന ഉറപ്പു നൽകിയിട്ടില്ല. ഈ നിലയ്ക്ക് ചൈനയാണ് ധാരണയിൽ വലിയ നേട്ടമുണ്ടാക്കിയതെന്നു നിരീക്ഷകർ കരുതുന്നു.
രണ്ടുവർഷംകൊണ്ട് ചൈന അമേരിക്കയിൽനിന്നുള്ള ഇറക്കുമതി 20,000 കോടി ഡോളർകണ്ട് വർധിപ്പിക്കാമെന്നു സമ്മതിച്ചതാണ് അവരുടെ പ്രധാന വിട്ടുവീഴ്ച.
ഏതായാലും ചർച്ച വിജയിച്ചെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ചൈനയിൽനിന്നുള്ള ഇലക്ട്രോണിക് സാധനങ്ങൾക്ക് ഇന്നുമുതൽ ചുമത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 15 ശതമാനം ചുങ്കം ഒഴിവാക്കി.
രണ്ടുവർഷം നീണ്ട പോര് അവസാനിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ കർഷകസംഘടനകൾ. വ്യാപാരയുദ്ധം തുടങ്ങുംമുന്പ് അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായിരുന്നു ചൈന. ചോളവും മറ്റു ധാന്യങ്ങളും മാംസവുമൊക്കെ ചൈനയെ ലക്ഷ്യമിട്ടാണ് ഉത്പാദിപ്പിച്ചിരുന്നത്. രണ്ടുവർഷം അവയുടെ കയറ്റുമതി കുറഞ്ഞു. ഇനി വീണ്ടും പഴയ നിലവാരത്തിലേക്കു കയറ്റുമതി എത്തുമെന്നാണു പ്രതീക്ഷ.