പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാൻ കുൽഭൂഷൻ വിസമ്മതിച്ചെന്നു പാക്കിസ്ഥാൻ, നിഷേധിച്ച് ഇന്ത്യ
Thursday, July 9, 2020 12:33 AM IST
ഇസ്ലാമാബാദ്: പാക് സൈനികകോടതിയുടെ വധശിക്ഷാ വിധിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ കുൽഭൂഷൻ ജാദവ് വിസമ്മതിച്ചായി പാക്കിസ്ഥാനി ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ, പാക്കിസ്ഥാന്റെ വാദം തള്ളി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തി. പുനഃപരിശോധനാ ഹർജി നല്കാതിരിക്കാൻ പാക്കിസ്ഥാൻ അധിതർ ജാദവിനെ ഭീഷണിപ്പെടുത്തിയെന്നു വ്യക്തമാണെന്നു ശ്രീവാസ്തവ പറഞ്ഞു.
2017 ലാണ് ചാരവൃത്തി ആരോപിച്ചത് ഇന്ത്യൻ പൗരനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചത്. ജാദവ് ദയാഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2016 മാർച്ച് മൂന്നിനാണ് ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇറാനിൽനിന്ന് തട്ടിക്കൊണ്ടു വന്നതാണെന്ന് ഇന്ത്യ വാദിക്കുന്നു.
ജാദവിനും അഭിഭാഷകനും റിവ്യൂ ഹർജി സമർപ്പിക്കാൻ മേയ് 20ന് പാക്കിസ്ഥാൻ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നതായി അഡീഷണൽ സോളിസിറ്റർ ജനറൽ അഹമ്മദ് ഇമ്രാൻ, ഡയറക്ടർ ജനറൽ സഹീദ് ഹഫീസ് ചൗധരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹർജി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്.
ജാദവിനായി ഇന്ത്യൻ അഭിഭാഷകനെ നിയമിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ, ഇസ്ലാമാബാദ് ഹൈക്കോടതിയിൽ വാദിക്കാൻ ഇന്ത്യൻ അഭിഭാഷകനു സാധിക്കില്ല. വേണമെങ്കിൽ അഭിഭാഷകനെ സഹായിക്കാം. ജാദവിന് പാക്കിസ്ഥാൻ സർക്കാർ രണ്ടു തവണ അഭിഭാഷകസഹായം നൽകിയിരുന്നു. അമ്മയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവർഷം അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി പാലിച്ചതായും പത്രസമ്മേളനത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞു.