ഹാഗിയ സോഫിയ: അതീവ ദുഃഖിതനായി മാർപാപ്പ
Monday, July 13, 2020 12:15 AM IST
വത്തിക്കാന് സിറ്റി: ഇസ്താംബൂളിലെ ഹാഗിയ സോഫിയ വീണ്ടും മോസ്കാക്കി മാറ്റിയ തുർക്കി ഭരണകൂടത്തിന്റെ നടപടിയിൽ അഗാധ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാസഭ നാവികദിനമാ യി ആചരിച്ച ഇന്നലെ, ത്രികാലജപ പ്രാർഥനയ്ക്കു ശേഷമാണ് മാർപാപ്പ തന്റെ മനസ് പങ്കുവച്ചത്.
“സമുദ്രത്തെക്കുറിച്ചുള്ള ചിന്ത എന്നെ ഇസ്താംബൂളിലേക്കു കൊണ്ടുപോകുന്നു. ഞാൻ ഹാഗിയ സോഫിയയെക്കുറിച്ചു ചിന്തിക്കുകയാണ്. എനിക്കു വളരെ ദുഃഖം തോന്നുന്നു”- മാർപാപ്പ പറഞ്ഞു.
1500 വർഷം മുന്പ് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലായി നിർമിക്കപ്പെട്ടതാണ് ഹാഗിയ സോഫിയ. 1453ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ഓട്ടോമൻ തുർക്കികൾ അതു മോസ്കാക്കി. ആധുനിക തുർക്കിയുടെ സ്ഥാപകൻ മുസ്ഫ കമാൽ അത്താതുർക്ക് തന്റെ മതേതര നിലപാടുകളുടെ ഭാഗമായി 1934ൽ മോസ്കിനെ മ്യൂസിയമാക്കി.
തുർന്ന് ഹാഗിയ സോഫിയയെ വീണ്ടും മോസ്കാക്കണമെന്ന ആവശ്യം തുർക്കിയിലെ യാഥാസ്ഥിക വിഭാഗം ദീർഘനാളായി ഉന്നയിച്ചിരുന്നു.
വെള്ളിയാഴ്ച ഇതിനനുകൂലമായ വിധി ഉന്നത കോടതി പുറപ്പെടുവിച്ചു. യാഥാസ്ഥിതികനായ പ്രസിഡന്റ് എർദോഗൻ ഒട്ടും മടിക്കാതെ മ്യൂസിയത്തെ മോസ്കാക്കുന്ന ഉത്തരവിൽ ഒപ്പുവച്ചു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് 350ഓളം ക്രൈസ്തവസഭകൾ ഉൾപ്പെടുന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് തുർക്കിയോട് ആവശ്യപ്പെട്ടു. ലോകപൈതൃകപദവിയുള്ള ഹാഗിയ സോഫിയയുടെ പദവി മാറ്റിയതിൽ യുനെസ്കോയും എതിർപ്പു പ്രകടിപ്പിച്ചു.