റുവാണ്ടൻ വംശഹത്യക്കു നേതൃത്വം നല്കിയ ബാഗസോര അന്തരിച്ചു
Sunday, September 26, 2021 10:34 PM IST
ബാമക്കോ: റുവാണ്ടയിലെ എട്ടു ലക്ഷം ടുട്സി ന്യൂനപക്ഷങ്ങളെ കൂട്ടക്കൊലചെയ്യാൻ നേതൃത്വം നല്കിയ മുൻ സൈനിക കേണൽ തിയോണസ്റ്റെ ബാഗസോര(80) അന്തരിച്ചു.
യുഎൻ ക്രിമിനൽ കോടതി 35 വർഷം തടവിനു വിധിച്ച ഇയാൾ മാലിയിലെ ജയിലിൽ ശിക്ഷ അനുഭവിച്ചുവരവേ ഹൃദയസംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ മരിക്കുകയായിരുന്നു.
1994 ഏപ്രിലിൽ റുവാണ്ടൻ പ്രസിഡന്റ് ജുവനൽ ഹാബിയാരിമാന കൊല്ലപ്പെട്ടതിനു പിന്നിൽ ടുട്സികളാണെന്ന് ആരോപിച്ചാണ് നൂറു ദിവസം നീണ്ട വംശീയ കൂട്ടക്കൊല അരങ്ങേറിയത്. രണ്ടു വർഷത്തിനുശേഷം റുവാണ്ടയിൽ സർക്കാർ മാറിപ്പോൾ കാമറൂണിലേക്കു കടന്ന ബാഗസോര അറസ്റ്റിലായി.
റുവാണ്ടയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി 2008ൽ വിധിച്ച ജീവപര്യന്തം തടവ് പിന്നീട് 35 വർഷമായി കുറയ്ക്കുകയായിരുന്നു. മാലിയിലെ കുളികോരോ ജയിലിലാണു തടവ് അനുഭവിച്ചത്.