അന്നീ എർനോയ്ക്കു സാഹിത്യ നൊബേൽ
Friday, October 7, 2022 2:11 AM IST
സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഫ്രഞ്ച് എഴുത്തുകാരി അന്നീ എർനോയ്ക്ക്. ആത്മകഥാംശമുള്ളവയാണ് എൺപത്തിരണ്ടുകാരിയായ അന്നീയുടെ കൃതികളേറെയും.
വ്യക്തിഗത സ്മരണകളിൽ തന്റെ വേരുകളും അപരവത്കരണങ്ങളും സംഘാത നിയന്ത്രണങ്ങളും അവർ അനാച്ഛാദനം ചെയ്തത് അപാരമായ ധീരതയോടും നിശിതമായ സൂക്ഷ്മതയോടുംകൂടിയാണെന്ന് നൊബേൽ സമ്മാന അക്കാദമി വിലയിരുത്തി.
ഇരുപതിലേറെ കൃതികൾ അന്നീ എർനോ രചിച്ചിട്ടുണ്ട്. ഇവയിലേറെയും അന്നീയുടെ ജീവിതത്തിന്റെയും ജീവിച്ച ചുറ്റുപാടുകളുടെയും കാലാനുസൃതവിവരണങ്ങളാണ്. വിട്ടുവീഴ്ചയില്ലാത്തതും തെളിഞ്ഞ ഭാഷയിലുള്ളതുമായ കൃതികളാണ് അന്നീയുടേതെന്ന് സാഹിത്യത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർമാൻ ആൻഡേഴ്സ് ഓൾസോൺ പറഞ്ഞു.