ശബരിമല, പൗരത്വ ഭേദഗതി കേസുകൾ പിൻവലിക്കാൻ ഉത്തരവ്
Saturday, February 27, 2021 2:10 AM IST
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങളെത്തുടർന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ അനുമതി നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.