എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം
Thursday, March 4, 2021 1:04 AM IST
പാലക്കാട്: വിമത സ്വരമുയർത്തിയ കോണ്ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി ഇന്നലെ വൈകീട്ടോടെ ഗോപിനാഥിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
രമ്യ ഹരിദാസ് എംപിയും ഗോപിനാഥിനെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും ഗോപിനാഥിനെ കഴിഞ്ഞദിവസം രാത്രി ഫോണിൽ വിളിച്ചു സംസാരിച്ചതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ഡിസിസി പ്രസിഡന്റിന്റെ ഇടപെടൽ.
കഴിഞ്ഞ പത്തുവർഷത്തോളമായി പാർട്ടിയിൽ പലവിധത്തിലുള്ള അവഗണനയാണ് നേരിടുന്നതെന്നാണ് ഗോപിനാഥിന്റെ ആക്ഷേപം. പ്രസ്ഥാനത്തിനു വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒഴിവാക്കുന്നതും മാറ്റിനിർത്തുന്നതും നേതൃത്വം മതിയാക്കണം. തന്നോടൊപ്പമുള്ള അന്പതോളം പാർട്ടി പ്രവർത്തകരെ വിവിധ സമയങ്ങളിലായി ഇത്തരത്തിൽ സസ്പെൻഡ് ചെയ്യുകയോ പൂർണമായും മാറ്റിനിർത്തുകയോ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിച്ച് പാർട്ടിയിൽ തിരിച്ചെടുക്കണമെന്നുമാണ് ഗോപിനാഥിന്റെ പ്രധാന ആവശ്യം.