ഗോവയിൽ വിമതരെത്തിയപ്പോൾ ഘടകകക്ഷികളെ വേണ്ട
Saturday, July 13, 2019 12:52 AM IST
പനാജി: ഗോവ ഫോർവേഡ് പാർട്ടിയിലെ ഉപമുഖ്യമന്ത്രി വിജയ് സർദേശായി ഉൾപ്പെടെ മൂന്ന് മന്ത്രിമാരോടും സ്വതന്ത്രനായ മന്ത്രിയോടും രാജിവയ്ക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. കോൺഗ്രസിൽനിന്നെത്തിയ മൂന്നു പേരെയും ഒരു ബിജെപി എംഎൽഎയെയും ഇന്ന് മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണു തീരുമാനമെന്ന് സാവന്ത് പറഞ്ഞു. എന്നാൽ, ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ചശേഷമേ രാജിക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷൻ വിജയ് സർദേശായി പറഞ്ഞു. സർദേശായിയെക്കൂടാതെ വിനോദ് പാൽയേക്കർ, ജയേഷ് സാൽഗാവ്ങ്കർ, സ്വതന്ത്ര അംഗം രോഹൻ ഖാവുന്തേ എന്നിവരോടാണു രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോയാണ് മന്ത്രിയാകുന്ന ബിജെപി അംഗം.
കോൺഗ്രസിൽനിന്നെത്തിയ പത്ത് എംഎൽഎമാർ മുഖ്യമന്ത്രി സാവന്തിനൊപ്പം ബിജെപി പ്രസിഡന്റ് അമിത് ഷാ, വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പത്തു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ 40 അംഗ നിയമസഭയിൽ ബിജെപിക്ക് 27 അംഗങ്ങളായി. കോൺഗ്രസിന് അഞ്ചും ഗോവ ഫോർവേഡ് പാർട്ടിക്ക് മൂന്നും അംഗങ്ങളുണ്ട്.