സുഷമയ്ക്കു രാജ്യസഭയുടെ ആദരാഞ്ജലി
Thursday, August 8, 2019 12:41 AM IST
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം അന്തരിച്ച മുൻ മന്ത്രി സുഷമ സ്വരാജിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യസഭ പിരിഞ്ഞു.
സുഷമ സ്വരാജ് കഴിവുറ്റ ഭരണകർത്താവും ജനങ്ങളുടെ യഥാർഥ ശബ്ദവുമായിരുന്നു എന്ന് രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു അനുസ്മരിച്ചു. തനിക്ക് സുഷമ സഹോരിയായിരുന്നു. എല്ലാവർഷവും രക്ഷാബന്ധൻ ദിവസം കൈയിൽ രാഖി കെട്ടിത്തന്നിരുന്നു. ഈ വർഷം ആ ആദരം നഷ്ടമാകും. വനിത നേതാക്കൾക്കിടയിൽ നിന്ന് ഒരു മാതൃകാ വ്യക്തിത്വം ആയി ഉയർന്നു വന്ന സുഷമ എല്ലാവർക്കും സമീപിക്കാവുന്ന മന്ത്രിയായിരുന്നു എന്നും വെങ്കയ്യ നായിഡു അനുസ്മരിച്ചു. മൂന്നു തവണ രാജ്യസഭാംഗമായിരുന്ന സുഷമ നാലു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
1990 മുതൽ 1996 വരെയും 2000 മുതൽ 2006 വരെയും 2006 മുതൽ 2009 വരെയുമായിരുന്ന സുഷമ രാജ്യസഭാംഗമായിരുന്നത്. 1996, 1998, 2009, 2014 വർഷങ്ങളിലാണ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. 1977ൽ ഹരിയാന നിയമസഭയിലേക്കും മത്സരിച്ചു വിജയിച്ചിരുന്നുവെന്നും അനുശോചനക്കുറിപ്പിൽ നിന്നും രാജ്യസഭാധ്യക്ഷൻ വായിച്ചു.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് ഒരു മാനുഷിക മുഖഭാവം നൽകിയത് സുഷമ സ്വരാജാണ്. വിദേശത്ത് അകപ്പെട്ടുപോയ നിരവധി ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിന് സുഷമ മുൻകൈയെടുത്തു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സുഷമ മികച്ച വാഗ്മിയായിരുന്നെന്നും വെങ്കയ്യ നായിഡു അനുസ്മരിച്ചു.