നേതാജിയുടെ ചിതാഭസ്മം ഡിഎൻഎ പരിശോധനക്കു വിധേയമാക്കണം: മകൾ
Friday, August 23, 2019 1:19 AM IST
കോൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾ നീക്കാനായി അദ്ദേഹത്തിന്റേതെന്നു കരുതുന്ന ചിതാഭസ്മം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് നേതാജിയുടെ മകൾ അനിത ബോസ് ആവശ്യപ്പെട്ടു. നേതാജിയെക്കുറിച്ചുള്ള പല കഥകളും താൻ വിശ്വസിക്കുന്നില്ലെന്നു ജർമനിയിൽ കഴിയുന്ന അനിത വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
1945 ഓഗസ്റ്റ് 18ന് തായ്വാനിലെ തായ്ഹോക്കു വിമാനത്താവളത്തിൽനിന്ന് വിമാനം കയറിയ നേതാജിയെക്കുറിച്ച് പിന്നീട് വിവരം ലഭ്യമല്ല. വിമാനം തകർന്നു മരിച്ചുവെന്നാണ് ഒരു വാദം. ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം അദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു. ഇത് ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കിയാൽ ദുരൂഹതകൾ അവസാനിക്കുമെന്നാണ് അനിത പറയുന്നത്.