ഭിന്നശേഷിക്കാരിക്കു വിമാനത്താവളത്തിൽ ഉദ്യോഗസ്ഥയുടെ ആക്ഷേപം
Tuesday, September 10, 2019 11:33 PM IST
ന്യൂഡൽഹി: ഭിന്നശേഷിക്കാരിയായ യാത്രക്കാരിയോടു ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയതായി പരാതി. വീൽചെയറിലെത്തിയ തന്നോടു എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ട സിഐഎസ്എഫിന്റെ വനിത കോണ്‍സ്റ്റബിൾ തന്നോടു നാടകം കളിക്കരുതെന്നും ഭിന്നശേഷിക്കാരിയും ഈ വിഭാഗത്തിലെ ആക്ടിവിസ്റ്റുമായ വിരാലി മോദി വെളിപ്പെടുത്തി. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് തിങ്കളാഴ്ചയുണ്ടായ സംഭവത്തെ കുറിച്ചു വിരാലി വിവരിക്കുന്നത്.
ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ തന്നെ ആദ്യം തന്റെ വീൽചെയർ കാർഗോയിലൂടെ അയയ്ക്കാൻ വിട്ടിരുന്നു. പിന്നീട് തന്നെ സഹായിക്കാൻ ലഭിച്ച ആളിനൊപ്പമാണ് സുരക്ഷാ പരിശോധനകൾക്കായി പോയത്. സുരക്ഷാ പരിശോധനകൾക്കായി തന്നോടു എഴുന്നേറ്റ് ചെറിയ അറയിലേക്കു ചെല്ലണമെന്നാണ് വനിതാ കോണ്‍സ്റ്റബിൾ പറഞ്ഞത്.
എന്നാൽ, 13 വർഷമായി തനിക്കു എഴുന്നേൽക്കാനാവില്ലെന്നും നടക്കാനാവില്ലെന്നും താൻ ആവർത്തിച്ചു പറഞ്ഞെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല. മാത്രമല്ല, തന്നോടു നാടകം കളിക്കേണ്ടെന്നും പറഞ്ഞു. തന്റെ എതിർപ്പ് തുടർന്നതോടെ മുതിർന്ന ഉദ്യോഗസ്ഥ ഇടപെട്ടാണ് തന്നെ പോകാൻ അനുവദിച്ചതെന്നും വിരാലി മോദി വിശദമാക്കി. സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.