ട്രംപിന്റെ ചരിത്ര സന്ദർശനം പുതിയ അധ്യായത്തിന്റെ തുടക്കമെന്നു മോദി
Tuesday, February 25, 2020 12:53 AM IST
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാസന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുവെന്നും ബന്ധംകൂടുതൽ ദൃഢമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബത്തോടൊപ്പമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം ഇതാണു തെളിയിക്കുന്നതെന്നും മോദി പറഞ്ഞു.
21-ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്നതിൽ ഇന്ത്യ-യുഎസ് ബന്ധത്തിനു സുപ്രധാന പങ്കുണ്ട്. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.
അമേരിക്കയുമായി ചേർന്ന് ഇന്ത്യ യുദ്ധപരിശീലനം നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കു പ്രസിഡന്റ് ട്രംപിനു സ്വാഗതം.
അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി ഇവിടെ പുതിയ അധ്യായം കുറിക്കുകയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിരവധി സമാനതകളുണ്ട്. നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്. ആരോഗ്യപൂർണമായ അമേരിക്കയ്ക്കുവേണ്ടി താങ്കൾ ചെയ്തതെല്ലാം പ്രശംസനീയമാണ്. കഴിഞ്ഞകാലങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വിശ്വാസം ശക്തിപ്പെട്ട് അതു ചരിത്രപരമായ ഉന്നത തലത്തിലെത്തുകയായിരുന്നു.
ട്രംപിന്റെ ഭാര്യ മെലാനിയയുടെ ജീവകാരുണ്യപ്രവർത്തനങ്ങളും മോദി പരാമർശിച്ചു. വീണ്ടും ഇന്ത്യയിലേക്കു വരണമെന്നത് ഇവാൻകയുടെ അഭിലാഷമായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.130 കോടി ജനതയാണ് പുതിയ ഇന്ത്യ പണിതുയർത്തുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യ. ചെലവുചുരുക്കി അവ നിർമിക്കുന്നതിലും ഇന്ത്യ ലോക റിക്കാർഡിട്ടുവെന്നും മോദി കൂട്ടിച്ചേർത്തു.