രോഗബാധിതർ ആയിരത്തോളം
Sunday, March 29, 2020 12:01 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ആ യിരത്തിന് അടുത്തെത്തി. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 149 പോസീറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിക്കടുത്ത് നോയിഡയിൽ അഞ്ചു പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
കോവിഡ് ചികിത്സയ്ക്കായി പ്രത്യേകം ആശുപത്രികൾ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. സംസ്ഥാനങ്ങൾ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു. ഇറ്റലിയിലെ മിലാനിൽ നിന്ന് തിരികെ എത്തിച്ച 481 പേരിൽ ആർക്കുംതന്നെ പുതിയതായി രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ഇവർ ചാവ്ലയിലെ ഐടിബിപി നിരീക്ഷണകേന്ദ്രത്തിലാണ്. പ്രതിദിനം 28 കോടി ആളുകളാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.