ഒസിഐ കാർഡ് ഉടമകളിൽ ചിലർക്ക് ഇന്ത്യയിലേക്കു മടങ്ങാം
Saturday, May 23, 2020 12:11 AM IST
ന്യൂഡൽഹി: ഓവർസീസ് സിറ്റിസണ്സ് ഓഫ് ഇന്ത്യ (ഒസിഐ)കാർഡ് ഉടമകളിൽ ചില വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യയിലേക്കു മടങ്ങാൻ കേന്ദ്രാനുമതി. വെള്ളിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒസിഐ കാർഡ് ഉള്ളവരും മാതാപിതാക്കൾ ഇന്ത്യയിൽ കഴിയുന്നവരുമായ സർവകലാശാലാ വിദ്യാർഥികൾക്ക് ഇതനുസരിച്ച് ഇന്ത്യയിലേക്കു മടങ്ങാം.
ഇന്ത്യയിൽ സ്ഥിരതാമസക്കാരായിട്ടുള്ള ദന്പതികളിൽ ഒരാൾ ഒസിഐ കാർഡ് ഉടമയും മറ്റെയാൾ ഇന്ത്യൻ പൗരനും ആയിട്ടുള്ളവർക്കും രാജ്യത്തേക്കു മടങ്ങാം. വിദേശത്തുള്ള ഇന്ത്യൻ പൗരൻമാർക്ക് ജനിച്ച ഒസിഐ കാർഡുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും പുതിയ വ്യവസ്ഥ അനുസരിച്ച് ഇന്ത്യയിലേക്കു മടങ്ങാം. മരണം ഉൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾക്കും ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കു മടങ്ങാൻ ഇതിലൂടെ അവസരം ലഭിക്കുന്നു.
വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ ഉത്തരവ്.
സ്വകാര്യ വിമാനക്കന്പനികളെകൂടി വന്ദേഭാരത് മിഷന്റെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്നു ഡൽഹിയിലേക്കുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കയറാം. മുൻപ് അതാത് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിൽ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.