കൊറോണ ഭീതിയിൽ ചികിത്സ നിഷേധിച്ചു, താനെയിൽ ഗർഭിണി മരിച്ചു
Sunday, May 31, 2020 11:49 PM IST
താനെ: കൊറോണ ഭീതിയിൽ മുംബൈയിലെ താനെയിൽ ഗർഭിണിക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതായി പരാതി. ഇതേത്തുടർന്ന് ഓട്ടോറിക്ഷയിൽവച്ച് ഇവർ മരണമടയുകയും ചെയ്തു.
സംഭവത്തിൽ രണ്ട് ആശുപത്രികൾക്കെതിരേ താനെ നഗരസഭ കേസെടുത്തു. മുനിസിപ്പൽ പരിധിയിലെ മുംബ്രയിലുള്ള ആശുപത്രികൾക്കെതിരേയാണ് കേസ്. ഇവ അധികൃതർ അടപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 26 നാണ് ഗർഭിണിയായ അസ്മ മെഹ്ദി യുമായി ബന്ധുക്കൾ രണ്ട് ആശുപത്രിയിലും എത്തിയത്. കൊറോണയുടെ പേരിൽ ചികിത്സ നൽകാതെ രണ്ടിടത്തുനിന്നും തിരിച്ചയക്കപ്പെട്ട ഇവർ മടക്കയാത്രയിൽ ഓട്ടോറിക്ഷയിൽവച്ച് മരണമടയുകയായിരുന്നു.
ഈ സംഭവത്തിനു തലേന്ന് മറ്റൊരു ആശുപത്രിയിൽ 22 കാരി പെൺകുട്ടിക്കും ചികിത്സ ലഭിച്ചില്ല. ഈ ആശുപത്രിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.
താനെ മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു മൂന്ന് ആശുപത്രികൾക്കുമെതിരേ മുംബ്ര പോലീസ് കേസെടുത്തത്.