അധ്യക്ഷനും അംഗങ്ങളുമില്ലാതെ ദേശീയ പട്ടികജാതി കമ്മീഷൻ
Friday, October 2, 2020 1:05 AM IST
ന്യൂഡൽഹി: ദേശീയ പട്ടികജാതി കമ്മീഷന് നാല് മാസമായി അധ്യക്ഷനും അംഗങ്ങളും ഇല്ല. രാജ്യവ്യാപകമായി പിന്നോക്ക വിഭാഗങ്ങൾക്കും ആദിവാസികൾക്കുമെതിരേ അതിക്രമങ്ങൾ പെരുകുന്പോഴാണ് ഈ അലംഭാവം. ദളിത് വിഭാഗത്തിൽ പെട്ട പെണ്കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ കഴിഞ്ഞ പത്തു മാസമായി എസ്സി, എസ്ടി കമ്മീഷന് അധ്യക്ഷനില്ല.
പിന്നാക്കവിഭാഗങ്ങളുടെ സാമൂഹികസുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ദേശീയ-സംസ്ഥാന പട്ടികജാതി, പട്ടിക വർഗ കമ്മീഷനുകളുടെ ലക്ഷ്യം. അതിന് പുറമേ ഈ വിഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾക്കു പരിഹാരം കാണേണ്ടതും ഈ സമിതികളുടെ ചുമതലയാണ്. കഴിഞ്ഞ മേയിലാണ് ബിജെപി നേതാവും എംപിയുമായ രാം ശങ്കർ കത്താരിയ ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ബിജെപി തമിഴ്നാട് നേതാവ് എൽ. മുരുഗൻ ആയിരുന്നു വൈസ് ചെയർപേഴ്സൻ.