കങ്കണയോടുള്ള പെരുമാറ്റം: ഒൻപത് മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിമാനത്തിൽ വിലക്ക്
Monday, October 26, 2020 12:30 AM IST
ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണൗത്തിനോടു വിമാനത്തിനുള്ളിൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒൻപത് മാധ്യമ പ്രവർത്തകർക്ക് ഇൻഡിഗോ വിമാന കന്പനി വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ 15 മുതൽ 30 വരെയാണ് വിലക്ക്.
ചണ്ഡിഗഡിൽ നിന്നു മുംബൈയിലേക്കു കങ്കണ യാത്ര ചെയ്യുന്നതിനിടെ സെപ്റ്റംബർ ഒൻപതിനുണ്ടായ സംഭവത്തിലാണ് നടപടി. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമർശങ്ങളിൽ വിമാനത്തിനുള്ളിൽ വച്ചു മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയിരുന്നു.
അനുവാദം കൂടാതെയാണ് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോ വിമാന കന്പനിക്കു നിർദേശം നൽകിയിരുന്നു.