കേരളനിഴലിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങി
Saturday, October 31, 2020 2:06 AM IST
ന്യൂഡൽഹി: സിപിഎം കേരള ഘടകം വിവാദങ്ങളിൽ പെട്ട് ആടിയുലഞ്ഞ് നിൽക്കവേ സംസ്ഥാന വിഷയങ്ങളിലേക്കു നേരിട്ടു കടക്കാതെ ആദ്യദിവസം പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം.
മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിന്റെ പേരിൽ പിണറായി വിജയൻ രാജി വയ്ക്കേണ്ടതില്ലെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പിഴവുകളിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും നിലപാടെടുത്തിട്ടുണ്ട്.
കേരളം നേരിട്ട രണ്ടു പ്രളയകാലങ്ങളുടെ അതിജീവനത്തിന്റെയും കോവിഡ് പ്രതിരോധത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങളുടെയും മികവുകൾക്കും മീതെ നിഴൽ വീഴ്ത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ മങ്ങുംവിധം സ്വർണക്കടത്ത് കേസിനു തൊട്ടു പിന്നാലെ ബിനീഷ് കോടിയേരിയുടെ അറസ്റ്റും ഉണ്ടാകുന്നത്. നിലവിൽ സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനം എന്ന നിലയിൽ ഈ രണ്ടു വിഷയങ്ങളിലും കേന്ദ്ര നേതൃത്വം ഒൗദ്യോഗികമായി അല്ലെങ്കിൽ പോലും വിശദീകരണം ആരാഞ്ഞേക്കും.
കേരളത്തിൽ ഒഴികെ പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസുമായി സഖ്യത്തിൽ ഏർപ്പെട്ട് തെരഞ്ഞെടുപ്പുകളെ നേരിടണമെന്ന പോളിറ്റ് ബ്യൂറോ തത്വത്തിൽ അംഗീകാരം നൽകിയ വിഷയമായിരുന്നു യഥാർഥത്തിൽ കേന്ദ്ര കമ്മിറ്റിയുടെ മുഖ്യ അജണ്ട. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതും കേന്ദ്ര കമ്മിറ്റിയാണ്. തെരഞ്ഞെടുപ്പു വിജയത്തിനായി മറ്റു സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന്റെ കൈ പിടിക്കുന്നതിനെ ശക്തമായി എതിർത്തിരുന്ന കേരള ഘടകം നിലപാട് മാറ്റിയതോടെയോണ് ഈ വിഷയം തത്വത്തിൽ പോളിറ്റ് ബ്യൂറോ അംഗീകാരം നൽകിയത്.
അതിനിടെയാണ് കേരളത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിലും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലാകുന്നത്.
സ്വാഭാവികമായും കേന്ദ്ര കമ്മിറ്റിയിലെ ഔദ്യോഗിക ചർച്ചയുടെ ഭാഗമായിട്ടല്ലെങ്കിലും പാർട്ടി കേന്ദ്ര നേതൃത്വത്തിൽ ഈ വിഷയങ്ങൾ ചൂടേറിയ വാഗ്വാദങ്ങൾക്കു വഴി വയ്ക്കുമെന്നുറപ്പ്. ഇതു രണ്ടാം തവണയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വഴിവിട്ട പ്രവൃത്തികൾ പാർട്ടി കേന്ദ്ര നേതൃത്വത്തിനു മുന്നിൽ എത്തുന്നത്. ഇതിനു മുൻപ് ഗൾഫിൽ നടത്തിയ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു പരാതി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവരുടെ മുന്നിലെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, പിന്നീട് ഇക്കാര്യം പറഞ്ഞൊതുക്കിയപ്പോൾ അങ്ങനെ ഒരു പരാതി ലഭിച്ചിട്ടേ ഇല്ലെന്നായിരുന്നു പാർട്ടിയുടെ നിലപാട്. അതിനു പുറമേ കോടിയേരിയുടെ മൂത്ത മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന മുംബൈ യുവതിയുടെ പരാതിയും വിവാദമായിരുന്നു.