പേയ്മെന്റ് ആപ്പുകളിലെ ദുരുപയോഗം: ഹർജിയിൽ വാദം തിങ്കളാഴ്ച
Saturday, November 21, 2020 12:43 AM IST
ന്യൂഡൽഹി: യുപിഐ പേയ്മെന്റ് ആപ്പുകളിലെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കണമെന്ന രാജ്യസഭ ാ എംപി ബിനോയ് വിശ്വത്തിന്റെ ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കാമെന്നു സുപ്രീംകോടതി. ഹർജിയിൽ നേരത്തേ റിസർവ് ബാങ്കിനും നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യക്കും (എൻപിസിഐ) കേന്ദ്ര സർക്കാർ, ഗൂഗിൾ, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ വെബ്സൈറ്റുകൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
ഫേസ്ബുക്ക്, വാട്സ് ആപ്, ഗുഗിൾ, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈൻ വിപണന വെബ്സൈറ്റുകൾ യുപിഐ (യുണൈറ്റഡ് പെയ്മന്റ്സ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോമുകളിലെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിച്ചത്. ഫേസ്ബുക്ക്, വാട്സ് ആപ്, ഗൂഗിൾ തുടങ്ങിയവയുടെ സെർവറുകൾ ഇന്ത്യയിലല്ലെന്നും യുപിഐ വിവരങ്ങൾ ഇവർ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.