കർഷക വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് അമരീന്ദർ സിംഗ്
Friday, December 4, 2020 1:03 AM IST
ന്യൂഡൽഹി: കർഷക സമരത്തിന് കേന്ദ്രസർക്കാരും കർഷകരും എത്രയും വേഗം പരിഹാരം കാണണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക സമരം തന്റെ സംസ്ഥാനത്തിന്റെ സാന്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. ഈ നിലയിൽ തുടർന്നാൽ രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുകയും ചെയ്യുമെന്നുമാണ് ഇന്നലെ ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ അമരീന്ദർ സിംഗ് വ്യക്തമാക്കിയത്.
കർഷകരുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ച നടത്തുന്നതിന് മുന്നോടിയായാണ് അമിത്ഷാ ഇന്നലെ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ നടക്കുന്നത് കർഷകരും കേന്ദ്ര സർക്കാരും തമ്മിലാണ്. തനിക്കതിൽ ഒന്നും തന്നെ ചെയ്യാനില്ല. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അമരീന്ദർ സിംഗ് പറഞ്ഞു.
കർഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ താനോ തന്റെ സർക്കാരോ ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും ശ്രമിക്കുന്നില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
തുറന്ന മനസോടെ കർഷകരുടെ ആവശ്യങ്ങൾക്ക് ചെവി കൊടുക്കണമെന്ന് അമിത്ഷായോട് അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. താങ്ങുവിലയും എപിഎംസി മണ്ഡിയും തുടരേണ്ടതിന്റെ അനിവാര്യതയും പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.
അമരീന്ദർ സിംഗിന്റെ പിൻബലത്തോടെയാണ് കർഷകർ തലസ്ഥാനം സ്തംഭിപ്പിക്കുന്നതെന്നാണ് ഭരണകക്ഷിയായ ബിജെപി നേതാക്കൾ ആരോപിക്കുന്നത്.