ഫാ. സ്റ്റാൻ സ്വാമിയുടെ ആവശ്യങ്ങൾ ജയിൽ അധികൃതർ അംഗീകരിച്ചു
Saturday, December 5, 2020 1:08 AM IST
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് ജയിൽവകുപ്പ്. പാർക്കിൻസൻസ് രോഗബാധിതനായ ഫാ. സ്റ്റാൻ സ്വാമിക്ക് ജയിൽ അധികൃതർ സ്ട്രോയും സിപ്പറും അനുവദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
അറസ്റ്റിനിടെ പിടിച്ചെടുത്ത ബാഗ് തിരികെ നൽകാൻ ദേശീയ അന്വേഷണ എജൻസിയോടു നിർദേശിക്കണമെന്നതുൾപ്പെടെ മൂന്ന് ആവശ്യങ്ങളുമായി ഫാ. സ്റ്റാൻ സ്വാമി (83) പ്രത്യേക കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. എൻഐഎ സംഘം പിടിച്ചെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്കിന്റെ ക്ലോൺ പകർപ്പ്, നവിമുംബൈയിലെ തലോജ ജയിലിൽനിന്നു മാറ്റാനുള്ള തീരുമാനം റദ്ദാക്കണം എന്നിവയാണ് മറ്റാവശ്യങ്ങൾ. ജയിൽമാറ്റാൻ അധികൃതർ ആലോചിക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ എട്ടിനാണു ഫാ. സ്റ്റാൻ സ്വാമിയെ ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഈ സമയത്തു പിടിച്ചെടുത്ത സിപ്പറും സ്ട്രോയും തിരിച്ചുനൽകാൻ എൻഐഎയോടു നിർദേശിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസമാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരം വസ്തുക്കൾ പിടിച്ചെടുത്തില്ലെന്നായിരുന്നു എൻഐഎയുടെ നിലപാട്. ഇതിനു പിന്നാലെ തണുപ്പുകാലത്ത് ഉപയോഗിക്കാനുള്ള വസ്ത്രവും സ്ട്രോയും സിപ്പറും നൽകണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാൻ സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. മറുപടി നൽകാൻ ജയിലധികൃതരോട് കഴിഞ്ഞ 26 നു കോടതി നിർദേശിക്കുകയും ചെയ്തു.
ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് ഇന്നലെ സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ ഷരീഫ് ഷേക്ക് കോടതിയെ അറിയിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം വേണമെന്ന ഫാ.സ്റ്റാൻ സ്വാമിയുടെ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.