കർഷകരെ പറഞ്ഞൊതുക്കാൻ പഞ്ചാബിയും പയറ്റി സർക്കാർ
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: കർഷകരെ പറഞ്ഞതൊക്കാൻ പഞ്ചാബിയും പ്രയോഗിച്ച് സർക്കാർ. ഇന്നലെ വിജ്ഞാൻ ഭവനിൽ ചർച്ചയ്ക്കെത്തിയ കർഷക പ്രതിനിധികളെ വാണിജ്യ സഹമന്ത്രിയും പഞ്ചാബിൽ നിന്നുള്ള എംപിയുമായ സോം പ്രകാശ് പഞ്ചാബിയിൽ ആണ് അഭിസംബോധന ചെയ്തത്.
പഞ്ചാബിന്റെ വികാരം സർക്കാർ മനസിലാക്കുന്നു. തുറന്ന മനസോടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തയാറാണെന്നാണ് മന്ത്രി പറഞ്ഞത്. കർഷക സമരം പഞ്ചാബിലെ കർഷകരുടെ മാത്രം പ്രശ്നമാണെന്ന് കേന്ദ്ര സർക്കാരും ബിജെപിയും വ്യാപക പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മന്ത്രിയുടെ ഈ അടവ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനൊപ്പം ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയലും സോം പ്രകാശുമാണ് കർഷകരുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
ചർച്ചയ്ക്ക് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ, പിയൂഷ് ഗോയൽ, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവർ ഉന്നതതല യോഗം ചേർന്നിരുന്നു.
22 വിളകൾക്ക് മിനിമം താങ്ങുവിലയും പച്ചക്കറികൾക്കും താങ്ങുവില ഉറപ്പു നൽകിയും കരാർ കൃഷി സംബന്ധിച്ച പരാതികൾക്ക് സിവിൽ കോടതികളെ സമീപിക്കാം എന്നതുൾപ്പടെയുള്ള ഭേദഗതികളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.