അങ്കണവാടികൾ തുറക്കൽ: തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശം
Thursday, January 14, 2021 12:01 AM IST
ന്യൂഡൽഹി: രാജ്യത്തെ അങ്കണവാടികൾ ജനുവരി 31നു ശേഷം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദേശം. കണ്ടെയ്ന്റ്മെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ അങ്കണവാടികൾ പ്രവർത്തനം തുടങ്ങാവുന്നതാണെന്ന് ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
സംസ്ഥാന ദുരിത നിവാരണ അഥോറിറ്റിയുമായി കൂടിയാലോചിച്ചശേഷം മാത്രമേ ആംഗൻവാടികൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാവൂ. എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
കോവിഡ് കാലത്താണെങ്കിൽ പോലും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ പോഷകാഹാരം ലഭ്യമാക്കണമെന്ന് നേരത്തെ കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.