കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യം മെച്ചപ്പെട്ടു
Thursday, January 14, 2021 12:01 AM IST
പനാജി: കാറപകടത്തിൽ പരിക്കേറ്റ് ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിനു ബോധം തിരിച്ചുകിട്ടിയെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡൽഹി എയിംസിലേക്കു മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
എയിംസിലെ ഡോ.എസ്. രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ നിരീക്ഷിക്കുന്നത്. ഉത്തര കന്നഡയിലെ അങ്കോലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ശ്രീപദിന്റെ ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും മരിച്ചിരുന്നു.
കർണാടകയിലെ ധർമസ്ഥലയിൽനിന്നു ഗോവയിലേക്കു കാറിൽ മടങ്ങുകയായിരുന്നു ഇവർ. മന്ത്രിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ നാലുമാസമെങ്കിലും വേണ്ടിവരുമെന്ന് ഡോ ക്ടർമാർ പറഞ്ഞു.