ആദ്യം തൃണമൂലിനെ പരാജയപ്പെടുത്തണം: യെച്ചൂരി
Monday, March 1, 2021 12:33 AM IST
കോൽക്കത്ത: ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ ഘോഷയാത്ര അവസാനിപ്പിക്കാൻ തൃണമൂൽ കോൺഗ്രസിനെ ആദ്യം പരാജയപ്പെടുത്തണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പശ്ചിമബംഗാളിൽ തൂക്കു നിയമസഭ വന്നാൽ എൻഡിഎയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് വീണ്ടും ചേർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ഇപ്പോഴത്തെ രാഷ്ട്രീയ വടംവലി ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കേണ്ട പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്നുള്ള പണം തെരഞ്ഞെടുപ്പ് കാലത്ത് മറ്റു രാഷ്ട്രീയകക്ഷികളിലെ നേതാക്കളെ വിലയ്ക്കെടുക്കാൻ ബിജെപി ഉപയോഗിക്കുകയാണ് -യെച്ചൂരി പറഞ്ഞു.
ഡൽഹിയിലെ കർഷകർ മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരേ പോരാടുകയാണ്. ഇടതുപക്ഷവും മതേതരപാർട്ടികളും ചേർന്നുള്ള മഹാസഖ്യം മഹത്തായൊരു ബംഗാളിനായി പോരാടുകയാണെന്നും യെച്ചൂരി പറഞ്ഞു.