ആസാം, ബംഗാൾ സഖ്യങ്ങളെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിൽ തമ്മിലടി
Wednesday, March 3, 2021 1:11 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിലും ആസാമിലും തെരഞ്ഞെടുപ്പിനെ നേരിടാൻ സാമുദായിക സംഘടനകളുമായി സഖ്യങ്ങളുണ്ടാക്കിയതിനെ ചൊല്ലി കോണ്‍ഗ്രസിൽ നേതാക്കളുടെ തമ്മിലടി. ബംഗാളിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയതിനെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു തക്ക മറുപടി നൽകി ബംഗാൾ കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയതോടെയാണ് വാക്പോര് മുറുകിയത്.
ബംഗാൾ വിഷയത്തിൽ അധീർ രഞ്ജൻ ചൗധരി പറഞ്ഞതാണു പാർട്ടിയുടെ നിലപാടെന്നും ആസാമിലെ വിഷയം വേറിട്ടതാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ആസാമിൽ ബദറുദീൻ അജ്മലിന്റെ എഐയുഡിഎഫുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ഇരു പാർട്ടികളുടെയും ആശയങ്ങളിൽ ഒരുപാട് ഭിന്നതകളുണ്ടാകാം. എന്നാൽ, ആസാമിന് വേണ്ടിയാണ് ഇപ്പോൾ ഒരുമിച്ചുനിന്നു മത്സരിക്കുന്നതെന്നാണ് പ്രിയങ്ക മറുപടി നൽകിയത്.
ബംഗാളിൽ കോണ്‍ഗ്രസ്-ഇടത് സഖ്യം ഐഎസ്എഫുമായി സംഖ്യമുണ്ടാക്കിയതിനെ പാർട്ടിയുടെ മതേതര സ്വഭാവത്തിൽ വീഴ്ചവരുത്തി എന്നാരോപിച്ചാണ് ആനന്ദ് ശർമ എതിർത്തത്. ഗാന്ധിജിയും നെഹ്റുവും ഉയർത്തിപ്പിടിച്ച കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന് ഇത്തരം സഖ്യങ്ങൾ എതിരാണെന്നും ആനന്ദ് ശർമ ട്വിറ്ററിൽ കുറിച്ചു. വിഷയം കോണ്‍ഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യണമെന്നും ബംഗാൾ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ആനന്ദ് ശർമ പറഞ്ഞു.
ഇതിൽ ക്ഷുഭിതനായ അധീർ രഞ്ജൻ ചൗധരി തിരിച്ചടിച്ചത് അതിരൂക്ഷമായ ഭാഷയിലായിരുന്നു. മോദിയെ പുകഴ്ത്തി സമയം കളയുന്നത് നിർത്തൂ എന്നായിരുന്നു ബംഗാൾ കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി. വിനയം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു പഠിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഒരു പൊതു പരിപാടിയിൽ പ്രസംഗിച്ചിരുന്നു.
സെബി മാത്യു