മാനഭംഗത്തിനിരയായ ആക്ടിവിസ്റ്റ് കോവിഡ് ബാധിച്ചു മരിച്ചു
Tuesday, May 11, 2021 12:40 AM IST
ന്യൂഡൽഹി: ഡൽഹി തിക്രി അതിർത്തിയിലെ കർഷക സമരത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രയ്ക്കിടെ വഴിമധ്യേ മാനഭംഗത്തിന് ഇരയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. നാലുദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെത്തുടർന്നാണ് ആക്ടിവിസ്റ്റിന്റെ മരണം. യുവതിയുടെ അച്ഛന്റെ പരാതിയിൽ നാലുപേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏപ്രിൽ 11നാണ് കർഷകസമരത്തിൽ പങ്കെടുക്കുന്നതിന് ഇരുപത്താറുകാരി പശ്ചിമബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. കൂടെ യാത്ര ചെയ്ത നാലുപേർ യുവതിയെ വഴിമധ്യേ പീഡിപ്പിച്ചു എന്നാണു പരാതി. ഒരാഴ്ച കഴിഞ്ഞപ്പോൾ യുവതിക്ക് കടുത്ത പനി അനുഭവപ്പെട്ടു.
യുവതിയുടെ അച്ഛന്റെ പരാതിയിൽ ഹരിയാന പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പ്രതികളെ പങ്കെടുപ്പിക്കില്ലെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.