സ്പീക്കറെ കൈയേറ്റം ചെയ്തു ; 12 ബിജെപി എംഎൽഎമാർക്ക് ഒരുവർഷം സസ്പെൻഷൻ
Tuesday, July 6, 2021 1:13 AM IST
മുംബൈ: മഹാരാഷ്ട്ര സ്പീക്കർ ഭാസ്കർ ജാദവിനെ കൈയേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്ത 12 ബിജെപി എംഎൽഎമാരെ സ്പീക്കർ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. രണ്ടു ദിവസത്തേക്കുള്ള സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ വിജയിച്ച യുവാവ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇന്റർവ്യു വൈകിയതിനെത്തുടർന്നാണു യുവാവ് ജീവനൊടുക്കിയത്. ഈ വിഷയം സഭയിൽ ഉന്നയിച്ചതോടെയാണു ബഹളം തുടങ്ങിയത്.