കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ സെപ്റ്റംബറിൽ
Sunday, July 25, 2021 12:39 AM IST
ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് സെപ്റ്റംബറോടെ തയാറാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രണ്‍ദീപ് ഗുലേരിയ. സെപ്റ്റംബർ ആദ്യവാരത്തോടെ ഫൈസർ, കൊവാക്സിൻ, സൈഡസ് ഡോസുകൾ കുട്ടികൾക്ക് നൽകിത്തുടങ്ങാനാകുമെന്നു ഡോ. ഗുലേരിയ വ്യക്തമാക്കി.
സൈഡസിന്റെ ട്രയൽ ഇതിനോടം കഴിഞ്ഞിട്ടുണ്ട്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതി കാത്തിരിക്കുകയാണവർ. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ട്രയൽ ഓഗസ്റ്റ് സെപ്റ്റംബറോടെ പൂർത്തിയാകും. ആ സമയമാകുന്പോൾ അനുമതി ലഭിക്കുകയും ചെയ്യും. ഫൈസർ വാക്സിൻ ഇതിനോടകം അനുമതി നേടിക്കഴിഞ്ഞു. വൈറസ് പകരുന്നതിന് തടയിടാൻ ഇത് കൂടുതൽ സഹായിക്കും എയിംസ് മേധാവി വ്യക്തമാക്കി.
രാജ്യത്തെ മുതിർന്നവരുടെ വാക്സിനേഷൻ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 42 കോടി വാക്സിനാണ് ഇതിനകം വിതരണം ചെയ്തത്.