കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചന്റെ സഹോദരങ്ങളെ 48 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
Friday, September 24, 2021 1:13 AM IST
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരെ 48 മണിക്കൂറിനുള്ളിൽ ജയിലിൽനിന്നു മോചിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി.
കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയും ഇവരുടെ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പ്രസ്തുത പ്രതികളുടെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നില്ല. ഉത്തരവിറക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും 20 വർഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഉത്തരവിറക്കാൻ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സർക്കാരിന് തൃപ്തികരമായ വിശദീകരണമല്ല. അതിനാലാണ് അടിയന്തരമായി ജാമ്യം അനുവദിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.