കർഷകർ സമരം തുടരും: സംയുക്ത കിസാൻ മോർച്ച
Monday, November 22, 2021 1:03 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷവും സമരത്തിൽനിന്നു പിന്മാറില്ലെന്ന് സംയുക്ത കിസാൻ മോർച്ച. കർഷകരുടെ വിളകൾക്ക് ന്യായമായ താങ്ങുവില ഉറപ്പാക്കുന്ന നിയമത്തിന് സർക്കാർ തയാറാകണം. പ്രക്ഷോഭത്തിൽ ഏർപ്പെട്ട കർഷകരുടെ പേരിൽ ചുമത്തിയിട്ടുള്ള കേസുകൾ പിൻവലിക്കണം. വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റിൽ നിയമം പാസാക്കി പിൻവലിക്കുന്നതു വരെ സമരം തുടരും.
കർഷക സമരം ഒരു വർഷം തികയുന്ന 26ന് ഡൽഹി അതിർത്തിയിലെ എല്ലാ സമരകേന്ദ്രങ്ങളിലും ട്രാക്ടറുകളിലും കാളവണ്ടികളിലുമായി ജാഥ സംഘടിപ്പിക്കും. പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ 29ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഒൗദ്യോഗിക നടപടികൾ പാലിച്ച് പിൻവലിക്കുന്നതുവരെ സമര പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രജേവാൾ അറിയിച്ചു.
കർഷകരുടെ ആവശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതും. വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള തുടർ നടപടികൾക്കായി ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലെ തീരുമാനംകൂടി കണക്കിലെടുത്ത് 25ന് ചേരുന്ന കർഷക സംഘടനകളുടെ സംയുക്ത യോഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും.