ക്രിപ്റ്റോ കറൻസികൾ പൂർണമായി നിരോധിക്കും
Thursday, November 25, 2021 12:29 AM IST
ന്യൂഡൽഹി: സ്വകാര്യ ക്രിപ്റ്റോ കറൻസികളുടെ സന്പൂർണ നിരോധനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ബിറ്റ്കോയിൻ അടക്കമുള്ള സ്വകാര്യ ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
പകരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാനും പദ്ധതിയുണ്ട്. ലോകത്ത് ഏറ്റവുമധികം ക്രിപ്റ്റോ കറൻസി നിക്ഷേപമുള്ള രാജ്യമാണ് ഇന്ത്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ക്രിപ്റ്റോ കറൻസികളുടെ സാങ്കേതികതയെക്കുറിച്ചു പഠിക്കാൻ ചേർന്ന പാർലമെന്ററി സമിതിയുടെ ചർച്ചകൾക്കു ശേഷമാണ് തീരുമാനം. ക്രിപ്റ്റോ നിക്ഷേപങ്ങളുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും നിക്ഷേപകരെ ചതിയിൽ വീഴ്ത്തുകയും ചെയ്യുന്നതായി രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ക്രിപ്റ്റോ കറൻസികളുടെ പിന്നിലുള്ള അടിസ്ഥാന സാങ്കേതികവിദ്യയെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ പദ്ധതിയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.