കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരത്തിന് ഇന്നു തുടക്കം; രാഹുലിന് കളമൊരുങ്ങുന്നു
Friday, May 13, 2022 1:23 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ അല്പം കുളിർമയും ഊർജസ്വലതയുമേകാൻ തടാകനഗരമായ ഉദയ്പുരിൽ കോണ്‍ഗ്രസിന്റെ ത്രിദിന നവ സങ്കൽപ് ചിന്തൻ ശിബിരത്തിന് ഇന്നു തുടക്കം.
എഐസിസി മുതൽ താഴേത്തട്ടുവരെ എല്ലാ സമിതികളും യുവ പ്രാതിനിധ്യം വർധിപ്പിക്കുന്നത് അടക്കം കോണ്‍ഗ്രസിനെ അടിമുടി ഉടച്ചുവാർക്കാനുള്ള കർമപദ്ധതികൾക്കായി വിശദ ചർച്ച നടക്കുന്ന സമ്മേളനം, പക്ഷേ രാഹുൽ ഗാന്ധി വീണ്ടും എഐസിസി അധ്യക്ഷൻ ആകുന്നതിനുള്ള കളമൊരുക്കൽ കൂടിയാകും.
ഉദയ്പുർ ചിന്തൻ ശിബിരത്തിൽ രാഹുലിന്റെ തിരിച്ചുവരവിനായി മുറവിളി ഉയരുമെങ്കിലും കോണ്‍ഗ്രസിന് ഏറ്റവും സുപ്രധാനമായ നേതൃപ്രശ്നത്തിൽ ചർച്ച ഒഴിവാക്കാനാണ് ഉന്നത നേതാക്കളുടെ തീരുമാനം.
ഉദയ്പുരിൽ അഭാവംകൊണ്ടു ശ്രദ്ധേയനായ എ.കെ. ആന്റണി മുതൽ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, മാധ്യമവിഭാഗം തലവൻ രണ്‍ദീപ് സുർജേവാല, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ നേതാവ് അധീർ രഞ്ജൻ ചൗധരി, മുതിർന്ന നേതാക്കളായ അജയ് മാക്കൻ, താരീഖ് അൻവർ തുടങ്ങിയവരും കേരളത്തിൽനിന്നുള്ള മിക്ക എംപിമാരും രാഹുലിന്റെ തിരിച്ചുവരവിനായി ശബ്ദമുയർത്തും.
ഓഗസ്റ്റിൽ തുടങ്ങുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെയേ രാഹുൽ വീണ്ടും മുഴുസമയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയുള്ളു. ആരോഗ്യ പ്രശ്നങ്ങളുള്ള ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വദ്രയും രാഹുലിനെ പിന്തുണയ് ക്കും.
പ്രിയങ്ക വരണമെന്ന് മുതിർന്ന നേതാവ് അംബിക സോണി അടക്കം പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും വയനാട് എംപി ആയ രാഹുൽതന്നെ മതിയെന്നാണ് പ്രബല നേതാക്കളുടെ തീരുമാനം. ചിന്തൻ ശിബിരത്തിൽ മഹാഭൂരിപക്ഷവും രാഹുലിനെ പരസ്യമായി എതിർക്കില്ലെന്നതു തീർച്ചയാണ്.
കോണ്‍ഗ്രസിന് സജീവ നേതൃത്വവും എഐസിസിയിൽ അഴിച്ചുപണിയും വേണമെന്നാവശ്യപ്പെട്ട് സോണിയയ്ക്കു കത്തെഴുതിയ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, മനീഷ് തിവാരി, ശശി തരൂർ അടക്കമുള്ള ജി-23 നേതാക്കൾ ഉദയ്പുരിൽ ഇക്കാര്യത്തിൽ തർക്കം ഒഴിവാക്കിയേക്കും.
ആത്മവിമർശനം ആവശ്യമാണെങ്കിലും പാർട്ടിയിലെ ഐക്യവും യോജിപ്പുമാണ് പ്രധാനമെന്നും പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്ന വിമർശനം പാടില്ലെന്നും ചിന്തൻ ശിബിരം ചർച്ച ചെയ്ത കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിൽ സോണിയ നടത്തിയ പ്രസംഗം ജി-23 നേതാക്കൾക്കുള്ള കൃത്യമായ സന്ദേശമായിരുന്നു.