ചോദ്യംചെയ്യലിനു ഹാജരാകാൻ സോണിയയോടു വീണ്ടും ഇഡി
സ്വന്തം ലേഖകൻ
Friday, June 24, 2022 12:53 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ജൂലൈ പകുതിയോടെ ചോദ്യംചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോവിഡ് ചികിത്സയ്ക്കു ശേഷം തിങ്കളാഴ്ച ആശുപത്രി വിട്ട സോണിയ ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകണമെന്നായിരുന്നു ഇഡിയുടെ നോട്ടീസ്.
എന്നാൽ ആരോഗ്യം വീണ്ടെടുക്കേണ്ടതിനാൽ ചോദ്യംചെയ്യൽ നീട്ടിവയ്ക്കണമെന്ന സോണിയയുടെ ആവശ്യത്തെത്തുടർന്നാണ് ഇഡി പുതിയ നോട്ടീസ് അയച്ചത്. കേസിൽ അഞ്ചു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം ചൊവ്വാഴ്ചയാണ് രാഹുൽ ഗാന്ധിയെ ഇഡി വിട്ടയച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായിരുന്ന അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ ലിമിറ്റഡ് മുഖേന അനധികൃതമായി കൈക്കലാക്കിയെന്നതാണ് കേസ്.